കോഴിക്കോട് തളി ചരിത്രത്തിൽ ഇടം പിടിച്ച മണ്ണാണ്. രേവതി പട്ടത്താനത്തിൻ്റെ രംഗവേദി. പതിനെട്ടരക്കവികൾ, മീമാംസയുടെ കര കണ്ട പണ്ഡിതർ, പുരാതന ഏഥൻസിൻ്റെയും ആധുനിക ഇംഗ്ലണ്ടിൻ്റെയും സമാനതകളിലേക്ക് ചരിത്രകാരന്മാർ വിരൽ ചൂണ്ടിയ മണ്ണ്,
കൃഷ്ണനാട്ടത്തിന് തിരശീലയുയർന്ന കലാമണ്ഡപം, ഇബിൻബത്തൂത്തയുടെ കാൽപതിഞ്ഞ കാലത്തിന് മുമ്പേ സർവ്വം തികഞ്ഞ തുറമുഖമായി വികസിച്ച തീരപ്രദേശത്തിൻ്റെ ചരിത്രമുറങ്ങുന്ന മണ്ണ്, കടലും കടന്ന് ഖ്യാതി പരന്ന ഈ മണ്ണ് പിന്നീട് ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ രംഗ വേദിയായി മാറി.അതിൽഅത്ഭുതപ്പെടാനില്ല.
തീണ്ടപ്പലക സ്ഥാപിച്ച് അയിത്തമുറപ്പിക്കാൻ ശ്രമിച്ചവരെ ബലാൽ തിരുത്തിയ മുന്നേറ്റത്തിന് വർണ്ണ ഭേദമില്ലാതെ അണിനിരന്ന ജനനായകരുടെ മണ്ണ്.
ഈ സമര നായകർ സൃഷ്ടിച്ചത് നവോത്ഥാനത്തിൻ്റെ കേരള മാതൃകയുടെ ശ്രീകോവിൽ. ഉറവ വറ്റാതെ ഈ പാരമ്പര്യം കാത്തു പോരുന്ന ചരിത്രമാണീ മണ്ണിനുള്ളത്.
കോലായ ചർച്ചയിൽ ഇരുന്ന് പകലിരുളുംവരെയും രസം പറഞ്ഞ എഴുത്തുകാരുടെ കൂട്ടം നടന്ന വഴികളാണിത്.
ഈ ധന്യമായ ചരിത്രത്തെ ബോധപൂർവ്വം മൂടിവെക്കാനാണ് ശ്രമം നടക്കുന്നത്.
പുതുതായി പണിയുന്ന തളി പാർക്കിന് പേരിടുമ്പോൾ തളിയുടെ സമ്പന്നമായചരിത്രത്തെ മൂടിവെക്കുന്നതാർക്ക് വേണ്ടിയാണ്.ആരെയോ പ്രീണിപ്പിക്കാൻ തളിയുടെ ചരിത്രത്തിന് മുകളിൽ കരിമ്പടം ചാർത്തുന്നതെന്തിനാണ്.
സ്വാതന്ത്ര്യത്തിൻ്റെ അമൃതവർഷത്തിൽ പണിയുന്ന തളി പാർക്കിനെങ്കിലും നവീൻ ചന്ദ്ര ഈശ്വര ലാൽ ഷ്റോഫിൻ്റെ പേര് പതിയാത്തതെന്ത്?
1942 ലെ ആഗസ്ത് വിപ്ലവ കാലത്ത് തളിയിലെ സാമൂതിരി കോളജിൽ ഉയർന്ന സമരഭേരി നവീൻ ചന്ദ്രയുടേതായിരുന്നു. ഗാന്ധിജിയുടെ ആഹ്വാനത്താൽ ആവേശഭരിതനായി സ്വാതന്ത്ര്യ സമരത്തിൽ വിദ്യാർത്ഥികളെ നയിച്ച നേതാവ്. മർദ്ദനത്തിനും അറസ്റ്റിനും വഴങ്ങാത്ത യുവ പോരാളിക്ക് വിധിച്ചത് പിഴയും മൂന്ന് മാസംതടവും. പിഴത്തുകയായ75 രൂപ അടച്ചാൽ തടവ് ഒരു മാസം ഇളവുണ്ടാകും. സ്നേഹമയിയായ അമ്മ പിഴയടക്കാനൊരുങ്ങിയപ്പോൾ നവീൻ അത് തടഞ്ഞു.മൂന്നു മാസം ആലിപുരം ജയിലിലെ തടവിലേക്ക് ആ യുവാവിനെ യാത്ര അയക്കാനെത്തിയത് നൂറു കണക്കിന് യുവാക്കളുംവിദ്യാർത്ഥികളുമായിരുന്നു.അത് പക്ഷെ അവസാന യാത്രയായിരുന്നു.
കഠിന തടവിൽ കിടന്ന് രോഗബാധിതനായി ആ യുവാവ് മരണത്തിലേക്ക്. 43 ജനുവരി രണ്ടിനായിരുന്നു ശിക്ഷാ കാലാവധി പൂർത്തിയാകേണ്ടത്. എന്നാൽ കൃത്യം തലേ ദിവസം നവീൻ മരണം പുൽകി (അതോ കൊന്നതോ ).
മകനെ കാണാൻ ചെന്ന അമ്മയ്ക്ക് മകൻ്റെ മൃതദേഹം കൂടി കാണാൻ കഴിഞ്ഞില്ല.
എന്ത് കൊണ്ടാണ് തളിയിലെ പുതിയ പാർക്കിന് നവീൻ ചന്ദ്രൻ്റെ പേരിടാൻ കോർപ്പറേഷൻ തയാറാവാത്തത്.
തളിയുടെ പൈതൃകത്തെ ഭയക്കുന്നത് ആരാണ്.
ഡോ. ബീനാ ഫിലിപ്പ്,
താങ്കൾ നഗരത്തിൻ്റെ മേയറാണ്,
ടീച്ചറാണ്,
ഒരമ്മ കൂടിയാണ്.
നവീൻ ചന്ദ്രയുടെ അമ്മയാകാൻ ഭാഗ്യം സിദ്ധിച്ചില്ലെങ്കിലും ആ അമ്മയുടെയും മകൻ്റെയും ധന്യ ജീവിതത്തെ ചേർത്തു പിടിക്കാനുള്ള മനസ്സെങ്കിലുമുണ്ടാവണം.
അഞ്ചു കൊല്ലത്തെ രാഷ്ട്രീയതടവ് ശിക്ഷ അനുഭവിക്കാനല്ല നഗരത്തിൻ്റെ മേയർ ആകാനാണ് അങ്ങ് പരിശ്രമിക്കേണ്ടത്.
ന ബി:മാൻഹോളിൽ ആണ്ടു പോയ ഇതര നാട്ടുകാരന് കൈ കൊടുത്ത് രക്ഷിക്കാൻ തുനിയുമ്പോൾ തൻ്റെ ജീവൻ വെടിയുമെന്നുറപ്പായിട്ടും നൗഷാദ് മടി കാണിച്ചില്ല; മരണമാണ് മുന്നിലെന്നുറപ്പായിട്ടും പിൻതിരിയാതിരുന്നത് ഈ മണ്ണിൻ്റെചൂടും ചൂരും കൊണ്ടാണ്.നൗഷാദിനെ സ്മരിക്കണം. എന്നാലത് തളിയുടെ ദീർഘകാല ചരിത്രത്തെ കുഴിച്ചുമൂടിക്കൊണ്ടാകരുത്.
Discussion about this post