മൂന്നു ദിവസമായി തുടരുന്ന ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ ഇതിനിടെ 185 പേർ കൊല്ലപ്പെട്ടു.1800 ലേറെ പേർക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.
അതെ സമയം സംഘർഷം ഇല്ലാതാക്കാൻ
യുഎൻ രക്ഷാസമിതി ഉൾപ്പെടെ ചർച്ച ചെയ്യാൻ ഒരുങ്ങുകയാണ്.
ആഫ്രിക്കൻ യൂണിയൻ, പ്രാദേശിക ഗ്രൂപ്പായ ഐജിഎഡി,അറബ് ലീഗ് തുടങ്ങിയവർ മധ്യസ്ഥ ശ്രമത്തിലൂടെ വെടിനിർത്തലിന് ശ്രമിക്കുകയാണ്.
അതെ സമയം സുഡാൻ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.
രാജ്യാതിർത്തികളും വ്യോമാതിർത്തിയും അടച്ചു.സംഘർഷം രൂക്ഷമായ സ്ഥലങ്ങളിൽ നിന്ന് ജനം പലായനം തുടരുകയാണ്. മരണസംഖ്യ ദിനംപ്രതി വർധിക്കുന്നു. മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ മരിച്ചവരിൽ ഉൾപ്പെടുന്നു.
കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് ആണ് മരിച്ച മലയാളി. താമസിക്കുന്ന ഫ്ലാറ്റിൽ ജനലിനരികെ നിൽക്കുന്നതിനിടെയാണ് ഇയാൾക്ക് വെടിയേറ്റത്.
മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു.
അതെ സമയം സൈനികരും അർധസൈനികരും തമ്മിലുളള സംഘർഷം
വഷളായിക്കൊണ്ടിരിക്കുകയാണ്. എങ്ങും വെടിയൊച്ചകളും ആളുകൾ രക്ഷപ്പെട്ട് ഓടുന്നതിൻ്റെ ദയനീയ രംഗങ്ങളുമാണ് സുഡാനിൽ ഉള്ളത്. ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു.
നഗരം വിജനമാണ്. ഏതു നിമിഷവും കൊല്ലപ്പെടാവുന്ന സാഹചര്യമാണ് നിലവിൽ.
നയതന്ത്ര ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നുവെങ്കിലും അവ കാര്യമായ ഫലം കാണുന്നില്ല.ഇത് സുഡാനിലെ ജനങ്ങളെ സംബന്ധിച്ച് വലിയ ആശങ്കയ്ക്ക് ഇടനൽകുന്നു.
സുഡാൻ സൈന്യം ആർഎസ്എഫിനെ വിമത ഗ്രൂപ്പായി പ്രഖ്യാപിക്കുകയും പിരിച്ചുവിടാൻ ഉത്തരവിടുകയും ചെയ്തു.
പോരാട്ടം ശമിക്കുന്നതിന്റെ ലക്ഷണമൊന്നും കാണിക്കാത്തതിനാൽ സുഡാൻ ഭരണാധികാരി, ആർമി ജനറൽ അൽ-ബുർഹാനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ആർഎസ്എഫ് നേതാവ് മഹമ്മദ് ഹംദാൻ ദഗലോ ട്വിറ്ററിൽ ആവശ്യപ്പെട്ടു, “സിവിലിയന്മാരെ ബോംബെറിയുന്ന റാഡിക്കൽ ഇസ്ലാമിസ്റ്റ്” എന്നാണ് ബുർഹാനെ അദ്ദേഹം വിളിച്ചത്.
ആഭ്യന്തര പോരാട്ടം ഖാർത്തൂമിലെയും മറ്റ് നഗരങ്ങളിലെയും ആശുപത്രികൾക്ക് നാശം വരുത്തി.ചിലത് പൂർണ്ണമായും ഉപയോഗശൂന്യമായി.
പരിക്കേറ്റ സാധാരണക്കാരെ ചികിത്സിക്കുന്ന ഖാർത്തൂമിലെ ഒമ്പത് ആശുപത്രികളിൽ പലതിലും ഉപകരണങ്ങളും അവശ്യ സാധനങ്ങളും തീർന്നു.
അൽ-ബുർഹാനും ദഗാലോയും തമ്മിലുള്ള സംഘർഷം സിവിലിയൻ ഭരണത്തിലേക്കുള്ള തിരിച്ചുവരവിനായുള്ള പ്രതീക്ഷകൾ തകർത്ത് സുഡാനെ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്ന ഭയാശങ്കയിലാണ് ജനത.
ഖാർത്തൂമിൽ മാധ്യമ പ്രവർത്തനവും അസാധ്യം. ഏത് ശക്തികളാണ് ഏതൊക്കെ സ്ഥലങ്ങളിൽ നിന്നാണ് അക്രമം പൊട്ടിപ്പുറപ്പെടുക എന്ന് നിശ്ചയമില്ലെന്ന് മാധ്യമ പ്രവർത്തകൻ പറയുന്നു.
മൂന്ന് ദിവസമായി സുഡാനിൽ മിക്കയിടവും ലോക്ക്ഡൗണിലാണ്. അരക്ഷിതാവസ്ഥ കാരണം വീടിന് പുറത്തിറങ്ങാൻ കഴിയില്ലെന്ന് താമസക്കാർ പറയുന്നു.
2013ൽ സുഡാൻ മുൻ പ്രസിഡന്റ് ഒമർ അൽ ബഷീറിന്റെ കീഴിലാണ് ആർഎസ്എഫ് രൂപീകരിച്ചത്.
ഒരു ദശാബ്ദം മുമ്പ് ഡാർഫറിൽ അറബ് ഇതര വംശീയ ന്യൂനപക്ഷങ്ങൾക്കെതിരെ അദ്ദേഹത്തിന്റെ ഗവൺമെന്റ് അഴിച്ചുവിട്ട അക്രമത്തിൻ്റെ പരിണതിയാണ് ഇന്നുമുള്ളത്.
2021-ലെ അട്ടിമറിക്ക് ശേഷമുള്ള പ്രതിസന്ധി അവസാനിപ്പിക്കാൻ ആർഎസ്എഫിനെ സാധാരണ സൈന്യത്തിലേക്ക് സംയോജിപ്പിക്കുന്നതിനെച്ചൊല്ലി അൽ-ബുർഹാനും ദഗാലോയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് പോരാട്ടം പൊട്ടിപ്പുറപ്പെടാനിടയാക്കിയത്.
യുദ്ധം ആരംഭിച്ചതായി ഇരുപക്ഷവും പരസ്പരം ആരോപിക്കുന്നു, എയർപോർട്ടും പ്രസിഡൻഷ്യൽ കൊട്ടാരവും ഉൾപ്പെടെയുള്ള പ്രധാന സൈറ്റുകളുടെ നിയന്ത്രണം തങ്ങൾക്കാണെന്ന് ഇരുവരും അവകാശപ്പെടുന്നു.
യുക്രെയ്ൻ യുദ്ധത്തിന് സമാനമായ സാഹചര്യമാണ് സുഡാനിലുള്ളത്. എന്നാൽ യുക്രെയ്നിൽ റഷ്യനാക്രമണമാണെങ്കിൽ സുഡാനിൽ ആഭ്യന്തര ശക്തികൾ തമ്മിലുള്ള സംഘർഷമാണ്.ഇത് ശക്തിയാർജ്ജിക്കുമ്പോൾ സുഡാൻ്റ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകും
Discussion about this post