ഒരു ദേശം മുഴുവന്‍ ദേവിക്കായി കാഴ്ചനൈവേദ്യം ഒരുക്കുന്നു; ഓളപ്പരപ്പില്‍ എഴുന്നള്ളുന്ന ദേവിയുടെ അനുഗ്രഹത്തിനായി ഭക്തിപൂര്‍വം കാത്തുനില്‍ക്കുന്നു; മൂവാറ്റുപുഴയാറിന്റെ ഓരത്ത് വടയാറില്‍നിന്നുള്ള കാഴ്ചകള്‍ ഭക്തിസാന്ദ്രമാണ്. കൊടുങ്ങല്ലൂര്‍ ദേവിയുടെ സഹോദരീ സങ്കല്‍പ്പമായ വടയാര്‍ ഇളംകാവ് ദേവീ ക്ഷേത്രത്തില്‍ മീനമാസത്തിലെ അശ്വതി നാളില്‍ നടക്കുന്ന അത്യപൂര്‍വമായ ആറ്റുവേല വിശ്വാസികള്‍ക്കപ്പുറം സമൂഹത്തെ ആകര്‍ഷിക്കുന്നു.
ക്ഷേത്രത്തില്‍നിന്നു രണ്ടു കിലോമീറ്റര്‍ മാറി ആറ്റുവേലക്കടവില്‍ അവകാശികളുടെ നിര്‍ദേശാനുസരണം ദേശക്കാര്‍ തന്നെ നിര്‍മിക്കുന്നതാണ് ആറ്റുവേലച്ചാട്. രണ്ടു വലിയ വള്ളങ്ങളില്‍ മൂന്നു നിലകളിലായി ക്ഷേത്ര മാതൃകയില്‍ ചാടൊരുക്കും. ഉല്‍സവത്തിന് ഒരാഴ്ച മുന്‍പ് ഇതിന്റെ നിര്‍മാണം തുടങ്ങും. കൊടുങ്ങല്ലൂരമ്മയുടെ ഭക്തനായിരുന്ന വടക്കുംകൂര്‍ വാണ തമ്പുരാനെയും പ്രജകളെയും അനുഗ്രഹിക്കാന്‍ അമ്മ വരുന്നു എന്നാണു സങ്കല്‍പ്പം. ചാടിന്റെ മുകളിലത്തെ നിലയില്‍ സര്‍വാഭരണ വിഭൂഷിതയായി അലങ്കരിക്കപ്പെട്ട ദേവി പുറക്കളത്തെ ഗുരുതിക്കു ശേഷം ഇളംകാവിലേക്കു പുറപ്പെടും. ദീപാലംകൃതമായ ചാട് മൂവാറ്റുപുഴയാറിലൂടെ ഇളങ്കാവിലെത്തും. അകമ്പടിയായി വഴിപാടായ അന്‍പതിലധികം ഗരുഡന്‍തൂക്ക ചാടുകളുമുണ്ടാവും. പുഴയ്ക്ക് ഇരുവശത്തും ദീപാലങ്കാരവുമായി ഭക്തര്‍ അമ്മയെ സ്വീകരിക്കും. പള്ളിസ്രാമ്പില്‍ കുടിയിരുത്തപ്പെടുന്ന ദേവി ഭരണിനാളിലെ പീലിത്തൂക്കം, കരത്തൂക്കം എന്നീ ചടങ്ങുകള്‍ക്കു ശേഷം ദേശക്കാരെ അനുഗ്രഹിച്ചു കൊടുങ്ങല്ലൂരിലേക്കു മടങ്ങുമെന്നാണു വിശ്വാസം.
64 തൂശനിലകളിലായി നിവേദ്യങ്ങള്‍ നിരത്തിയും കുമ്പളങ്ങ നടുവേ മുറിച്ച് അതില്‍ ഗുരുതി നിറച്ചും നാളികേരം നടുവേ മുറിച്ചു ചെത്തിപ്പൂ അതിലിട്ടു രാശി നോക്കിയുമാണു പിണ്ടിപ്പിഴുതു ചടങ്ങു നടത്തുന്നത്.
Discussion about this post